ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായി ഇന്ത്യയിലെത്തി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ

മോദിയുമായുള്ള ചർച്ചയിൽ ഊർജം, വ്യാപാര, കണക്റ്റിവിറ്റി സഹകരണം പ്രധാന അജണ്ട
 
National

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (ബാലൻ ഷാ) ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. കഴിഞ്ഞ മാർച്ചിൽ അധികാരമേറ്റശേഷമുള്ള ബാലൻ ഷായുടെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി വിദേശ സന്ദർശനമാണിത്. ഊർജ സഹകരണം, സാമ്പത്തിക ബന്ധം, അതിർത്തി കടന്നുള്ള ഗതാഗത സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.

34 അംഗ ഔദ്യോഗിക സംഘത്തോടൊപ്പമാണ് ബാലൻ ഷാ ന്യൂഡൽഹിയിലെത്തിയത്. നേപ്പാൾ ധനമന്ത്രി സ്വർണിം വാഗ്ലെ, വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ, പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് കുമാർ ബ്യഞ്ജൻകർ തുടങ്ങിയവരും സംഘത്തിലുണ്ട്. പ്രത്യേക വ്യവസായ പ്രതിനിധി സംഘവും സന്ദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച ഉഭയകക്ഷി ചർച്ചകൾ നടത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതി വർധിപ്പിക്കൽ, ജലവൈദ്യുത പദ്ധതികൾ, അതിർത്തി കടന്നുള്ള വൈദ്യുതി വിതരണ ശൃംഖല, റെയിൽവേ, റോഡ് കണക്റ്റിവിറ്റി, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിക്കും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ബഹിരാകാശം, ദുരന്തനിവാരണം, മാനവവിഭവശേഷി വികസനം തുടങ്ങിയ മേഖലകളിൽ ധാരണാപത്രങ്ങൾ കൈമാറാനും പദ്ധതികളുണ്ട്. പൂർത്തിയായ ഊർജ പദ്ധതികളുടെ ഉദ്ഘാടനം, പുതിയ പദ്ധതികളുടെ തറക്കല്ലിടൽ എന്നിവയും സന്ദർശനത്തിന്റെ ഭാഗമാകും.

നേപ്പാളിന്റെ പ്രധാന വ്യാപാര പങ്കാളിയും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള പ്രധാന ഗതാഗത മാർഗവുമാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഇന്ത്യ-നേപ്പാൾ ബിസിനസ് ഫോറത്തിലും ബാലൻ ഷാ പങ്കെടുക്കും. ഇന്ത്യൻ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. നവംബർ 23ന് സന്ദർശനം പൂർത്തിയാക്കി അദ്ദേഹം നേപ്പാളിലേക്ക് മടങ്ങും.