ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ദേശീയ തിരിച്ചറിയൽ കാർഡിനും അംഗീകാരം തേടി നേപ്പാൾ
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി നേപ്പാളിന്റെ ബയോമെട്രിക് ദേശീയ തിരിച്ചറിയൽ കാർഡ് (National Identity Card - NID) ഔദ്യോഗിക യാത്രാരേഖയായി അംഗീകരിക്കണമെന്ന് നേപ്പാൾ ഇന്ത്യയോട് അഭ്യർഥിച്ചു. ഇതിനായുള്ള നിർദേശം നയതന്ത്ര മാർഗങ്ങളിലൂടെ ന്യൂഡൽഹിയിലേക്ക് കൈമാറിയതായി നേപ്പാൾ അധികൃതർ അറിയിച്ചു.
നിലവിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന നേപ്പാൾ പൗരന്മാർക്ക് പാസ്‌പോർട്ടോ പൗരത്വ സർട്ടിഫിക്കറ്റോ ഉപയോഗിക്കാം. ഇന്ത്യ അനുമതി നൽകിയാൽ ദേശീയ തിരിച്ചറിയൽ കാർഡും മൂന്നാമത്തെ അംഗീകൃത യാത്രാരേഖയായി ഉപയോഗിക്കാൻ സാധിക്കും. ഇത് വ്യോമ-കര മാർഗങ്ങളിലൂടെയുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്നാണ് നേപ്പാളിന്റെ പ്രതീക്ഷ.
2018-ൽ അവതരിപ്പിച്ച ബയോമെട്രിക് ദേശീയ തിരിച്ചറിയൽ കാർഡ് സർക്കാർ സേവനങ്ങൾക്കും ബാങ്കിങ് ഇടപാടുകൾക്കുമായി നേപ്പാൾ വ്യാപകമായി ഉപയോഗിച്ചുവരികയാണ്. ഭാവിയിൽ പരമ്പരാഗത പൗരത്വ സർട്ടിഫിക്കറ്റിന് പകരമായി ഈ കാർഡ് ഉപയോഗിക്കാനുമാണ് നേപ്പാൾ സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഔദ്യോഗിക മറുപടിക്കായാണ് ഇപ്പോൾ കാത്തിരിക്കുന്നതെന്ന് നേപ്പാൾ അധികൃതർ വ്യക്തമാക്കി.