റോഡ് നിർമാണ സബ് കോൺട്രാക്ടുകൾക്ക് നിയന്ത്രണം കടുപ്പിച്ച് എൻ.എച്ച്.എ.ഐ; ഡി.പി.ആറിന് മുമ്പ് പ്രാദേശികരുടെ അഭിപ്രായം തേടും

 
National

Lന്യൂഡൽഹി: ദേശീയപാത നിർമാണ പദ്ധതികളിൽ അനധികൃത സബ് കോൺട്രാക്ട് രീതി നിയന്ത്രിക്കാൻ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) നടപടികൾ ശക്തമാക്കുന്നു. പദ്ധതികളുടെ ഗുണനിലവാരവും സമയബന്ധിതമായ നിർവഹണവും ഉറപ്പാക്കുന്നതിനാണ് പുതിയ നീക്കം. 

ഇതോടൊപ്പം, പുതിയ ദേശീയപാത പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്നതിന് മുമ്പ് പ്രാദേശിക ജനപ്രതിനിധികൾ, ഭരണകൂടം, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കാനും എൻ.എച്ച്.എ.ഐ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ഭൂമി ഏറ്റെടുക്കൽ, ഗതാഗത ആവശ്യങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ എന്നിവ മുൻകൂട്ടി പരിഗണിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 

അനുമതിയില്ലാതെ സബ് കോൺട്രാക്ട് നൽകുന്നതും നിശ്ചിത പരിധിക്കപ്പുറം ജോലികൾ കൈമാറുന്നതും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും എൻ.എച്ച്.എ.ഐ വ്യക്തമാക്കി. നിർമാണ നിലവാരം ഉയർത്തുകയും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം.