20% എഥനോൾ കലർത്തലിന് മുകളിലേക്ക് നിലവിൽ തീരുമാനമില്ല; കേന്ദ്ര സർക്കാർ

 
Nat

പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്ന കാര്യത്തിൽ നിലവിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഭാവിയിൽ ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നാൽ ശാസ്ത്രീയ പഠനങ്ങളും വിദഗ്ധരുടെ ശുപാർശകളും ബന്ധപ്പെട്ട കക്ഷികളുമായുള്ള കൂടിയാലോചനകളും പരിഗണിച്ച ശേഷമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. 

രാജ്യത്തുടനീളം നിലവിൽ ഇ20 (20% എഥനോൾ കലർത്തിയ) പെട്രോളാണ് വിതരണം ചെയ്യുന്നത്. ഇന്ധനത്തിന്റെ ഉപയോഗം മൂലം വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകളോ പ്രകടനത്തിലെ ഗുരുതര പ്രശ്നങ്ങളോ സംബന്ധിച്ച പരാതികൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പഴയ ഇ10 വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമതയിൽ ചെറിയ കുറവ് മാത്രമാണ് ഉണ്ടാകുന്നതെന്നും സർക്കാർ അറിയിച്ചു. 

എഥനോൾ ഉൽപ്പാദനത്തിനായി കരിമ്പിന് പുറമെ ചോളം, ഉപയോഗയോഗ്യമല്ലാത്ത ധാന്യങ്ങൾ, പൊട്ടിയ അരി തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും, ഇത് ഊർജസുരക്ഷയും കർഷക വരുമാനവും വർധിപ്പിക്കുന്നതിന് സഹായകരമാണെന്നും കേന്ദ്രം വ്യക്തമാക്കി.