നവംബർ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; മദ്യവിൽപ്പനക്കാർ തീരുമാനം പ്രഖ്യാപിച്ചു

 
liquor

ബെംഗളൂരു: കർണാടകയിൽ നവംബർ 20ന് (ബുധൻ) മദ്യവിൽപന ഉണ്ടാകില്ലെന്ന് മദ്യവിൽപ്പനക്കാർ അറിയിച്ചു. ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്സ് അസോസിയേഷനാണ് തീരുമാനം എടുത്തത്. അന്നേ ദിവസം ബാറുകൾ തുറക്കില്ലെന്നാണ് തീരുമാനം.

മദ്യക്കച്ചവടക്കാരുടെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. സമരം മൂലം കർണാടക സർക്കാരിന് 120 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് അസോസിയേഷൻ സെക്രട്ടറി ബി ഗോവിന്ദരാജ് ഹെഗ്‌ഡെ പറഞ്ഞു.

എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിയിൽ മടുത്തിരിക്കുകയാണ് മദ്യവിൽപ്പനക്കാർ. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് ശുദ്ധമായ മദ്യവിൽപ്പനയും വർധിച്ചതായി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

എക്‌സൈസ് വകുപ്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സൈസ്, പോലീസ് വകുപ്പുകളുടെ യോഗം വിളിക്കണമെന്ന് ഹെഗ്‌ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനവകുപ്പിൽ ലയിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

കർണാടകയിൽ എക്‌സൈസ് വകുപ്പിൽ 700 കോടി രൂപയുടെ അഴിമതി നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ആരോപണത്തിൽ അസോസിയേഷന് പങ്കില്ലെന്ന് മദ്യവ്യാപാരികൾ പറഞ്ഞു. ഇത് സംബന്ധിച്ച് ഒരു വിവരാവകാശ പ്രവർത്തകൻ ഗവർണർക്ക് കത്തെഴുതിയതായി വ്യാപാരികൾ പറയുന്നു.

അനധികൃത മദ്യവിൽപന നിയന്ത്രിക്കാൻ കർശന നിയമനടപടി സ്വീകരിക്കണമെന്നും 2005ൽ ഭേദഗതി വരുത്തിയ അബ്കാരി നിയമത്തിലെ 29ാം വകുപ്പ് പുനഃപരിശോധിച്ച് ഭേദഗതി വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.