ബംഗാളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഇനി മുട്ടയില്ല; ഇസ്കോൺ ചുമതലയേറ്റതോടെ ആശങ്ക പങ്കുവെച്ച് അധ്യാപകർ

 
National

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിലെ പി.എം. പോഷൺ (ഉച്ചഭക്ഷണ പദ്ധതി) പദ്ധതിയിൽ ഇനി മുട്ട നൽകില്ലെന്ന റിപ്പോർട്ടുകൾ വിവാദമാകുന്നു. കൊൽക്കത്തയിലെ ഭൂരിഭാഗം സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ ചുമതല ഇസ്കോൺ ഏറ്റെടുത്തതോടെയാണ് മെനുവിൽ നിന്ന് മുട്ട ഒഴിവാക്കാൻ സാധ്യത ഉയർന്നത്. 

ഇസ്കോണിന്റെ സാത്വിക ഭക്ഷണരീതിയിൽ മുട്ടയും മറ്റ് മാംസാഹാര വിഭവങ്ങളും ഉൾപ്പെടാത്തതിനാൽ പുതിയ മെനുവിൽ പൂർണ സസ്യാഹാര വിഭവങ്ങളായിരിക്കും ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മുട്ടയ്ക്ക് പകരം നൽകുന്ന ഭക്ഷണത്തോട് വിദ്യാർഥികൾ എത്രത്തോളം പൊരുത്തപ്പെടുമെന്ന ആശങ്ക അധ്യാപകർ പങ്കുവെക്കുന്നു. പല കുട്ടികൾക്കും സ്കൂളിലെ ഉച്ചഭക്ഷണമാണ് പ്രധാന പോഷകാഹാര സ്രോതസെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയൻ, കുട്ടികളുടെ പോഷകാഹാരം കുറയ്ക്കുന്ന നടപടിയാണിതെന്നും സസ്യാഹാരം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും ആരോപിച്ച് കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിച്ചു. 

അതേസമയം, മുട്ടയ്ക്ക് പകരം പോഷകസമൃദ്ധമായ സസ്യാഹാര വിഭവങ്ങൾ നൽകുമെന്നും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും ഇസ്കോൺ വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ തീരുമാനം വരാനിരിക്കുകയാണ്.