ബിഹാറിൽ ഇനി മാർക്ക് ലിസ്റ്റിൽ ‘ഫെയിൽ’ ഇല്ല; പകരം ‘നൈപുണ്യ പരിശീലനത്തിന് അർഹൻ
പത്താം, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിൽ വിജയിക്കാത്ത വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിൽ ഇനി ‘ഫെയിൽ’ എന്ന വാക്ക് രേഖപ്പെടുത്തേണ്ടതില്ലെന്ന് ബിഹാർ സർക്കാർ. പകരം ‘നൈപുണ്യ പരിശീലനത്തിന് അർഹൻ’ എന്നായിരിക്കും രേഖപ്പെടുത്തുക. ഈ അധ്യയന വർഷം മുതൽ മാറ്റം നടപ്പാക്കാനാണ് തീരുമാനം.
പരീക്ഷയിലെ പ്രതീക്ഷിച്ച മാർക്ക് നേടാനാകാത്തത് ഒരു കുട്ടിയുടെ കഴിവിനെയോ ഭാവിയെയോ നിർണയിക്കുന്നതല്ലെന്ന നിലപാടിന്റെ ഭാഗമായാണ് നടപടി. ‘ഫെയിൽ’ എന്ന മുദ്ര വിദ്യാർഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കാതിരിക്കുകയും അവർക്ക് മറ്റൊരു പഠന-തൊഴിൽ സാധ്യത തുറന്നുകൊടുക്കുകയുമാണ് ലക്ഷ്യം.
പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർഥികൾക്ക് ബിഹാർ ബോർഡ് ഓഫ് ഓപ്പൺ സ്കൂളിംഗ് ആൻഡ് എക്സാമിനേഷൻ (BBOSE) വഴി വിവിധ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിന് നിർദേശങ്ങൾ നൽകുകയും ചെയ്യും.
വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അവസരവും പ്രത്യേക പരിശീലന ക്ലാസുകളും ഒരുക്കുന്നതിലൂടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് തുടർ അവസരങ്ങൾ ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.