‘ജാതി അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചിട്ടില്ല’; വിദ്യാർഥി മരണ കേസിൽ ആരോപണങ്ങൾ നിഷേധിച്ച് ഐ.ഐ.ടി ബോംബെ പ്രൊഫസർ
മുംബൈ: ഐ.ഐ.ടി ബോംബെ വിദ്യാർഥി സാഹിൽ വാകോഡിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രൊഫസർ സൂര്യനാരായണ ദൂല്ല ജാതി അധിക്ഷേപമോ അപകീർത്തികരമായ വാക്കുകളോ ഉപയോഗിച്ചിട്ടില്ലെന്ന് മുംബൈ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. വിദ്യാർഥിയുമായി ഇടപെടുമ്പോൾ സ്ഥാപനത്തിന്റെ നിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു. വെള്ളിയാഴ്ച ഐ.ഐ.ടി ബോംബെ ക്യാംപസിൽ എട്ട് മുതൽ പത്ത് മണിക്കൂറോളം പ്രൊഫസറെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്.
സെപ്റ്റംബർ 18നാണ് ഐ.ഐ.ടി ബോംബെയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ സാഹിൽ വാകോഡ് മരിച്ചത്. പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന സംഭവത്തിന് പിന്നാലെയാണ് സാഹിലിനെ പ്രൊഫസർ ദൂല്ല ചോദ്യം ചെയ്തതെന്ന് അന്വേഷണത്തിൽ പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ സാഹിലിന്റെ കുടുംബം ജാതി അടിസ്ഥാനത്തിലുള്ള അധിക്ഷേപവും മാനസിക പീഡനവും നേരിട്ടതായി ആരോപിക്കുകയും പ്രൊഫസർ ദൂല്ല ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകുകയും ചെയ്തു. ഈ ആരോപണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അതേസമയം, പ്രൊഫസർ ദൂല്ലയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷണത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുടുംബത്തിന്റെ ആരോപണങ്ങൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴികൾ, സി.സി.ടി.വി ദൃശ്യങ്ങൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, 2024ൽ ഡീൻ ഓഫ് സ്റ്റുഡന്റ് അഫയേഴ്സ് ആയിരുന്ന സമയത്ത് ദൂല്ല വിദ്യാർഥികൾക്ക് അയച്ച ഒരു ഇമെയിലും കേസിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജാതിയോ സംവരണ വിഭാഗമോ വ്യക്തമാകുന്ന തരത്തിൽ സഹപാഠികളോട് പ്രവേശന വിഭാഗം, ജെ.ഇ.ഇ റാങ്ക്, ഗേറ്റ് സ്കോർ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ആ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഐ.ഐ.ടി ബോംബെ പിന്നീട് ഈ മാർഗനിർദേശങ്ങൾ സ്ഥാപനത്തിൽ പ്രചരിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കേസിൽ അന്വേഷണം തുടരുന്നതിനാൽ സാഹിലിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉയർന്ന ജാതി വിവേചന, പീഡന ആരോപണങ്ങളും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. പ്രൊഫസർ ദൂല്ലയുടെ മൊഴിയും ലഭ്യമായ മറ്റ് തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ തുടർനടപടികൾ.