ഇന്ത്യയുടെ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒഴിവാക്കി; ഗ്ലാസ്ഗോയിലെ റെസ്റ്റോറന്റിനെതിരെ പ്രതിഷേധം
സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ പ്രവർത്തിക്കുന്ന 'മിസ്റ്റർ സിങ്‌സ് ഇന്ത്യ – ദ ഹോം ഓഫ് കറി' എന്ന ഇന്ത്യൻ റെസ്റ്റോറന്റ് ഉപയോഗിച്ച പേപ്പർ നാപ്കിനിൽ ഇന്ത്യയുടെ അപൂർണ ഭൂപടം അച്ചടിച്ചതിനെ തുടർന്ന് വിവാദം. നാപ്കിനിലെ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആരോപണമാണ് പ്രതിഷേധത്തിന് കാരണമായത്.
ഇന്ത്യൻ ബോക്സിങ് ടീമംഗങ്ങൾ റെസ്റ്റോറന്റ് സന്ദർശിച്ചപ്പോഴാണ് അസം സ്വദേശിയും ഒളിമ്പിക് മെഡൽ ജേതാവുമായ ലവ്‌ലിന ബോർഗോഹൈൻ ഈ പിഴവ് ശ്രദ്ധയിൽപ്പെടുത്തിയത്. "ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല ഭൂപടത്തിൽ ഇല്ല. രാജ്യത്തിന്റെ ഓരോ ഭാഗവും ഒരുപോലെ പ്രധാനപ്പെട്ടതാണ്," എന്ന് അവർ പ്രതികരിച്ചു. ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും പ്രതിഷേധത്തെ പിന്തുണച്ച് ജമ്മു-കശ്മീരിന്റെ ചിത്രീകരണത്തിലും അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
തെറ്റായ ഭൂപടമുള്ള നാപ്കിനുകൾ ഉടൻ പിൻവലിച്ച് കൃത്യമായ ഭൂപടം ഉപയോഗിക്കണമെന്ന് ഇന്ത്യൻ സംഘം റെസ്റ്റോറന്റ് അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇതുവരെ റെസ്റ്റോറന്റ് ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.