‘സീറ്റുകൾക്കായി യാചിക്കുന്നില്ല’; യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോൺഗ്രസിന് അതൃപ്തി

 
National

ഉത്തർപ്രദേശിലെ 2027 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിലേക്ക്. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സമാജ്‌വാദി പാർട്ടി ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് രംഗത്തെത്തി. സീറ്റുകൾക്കായി ആരോടും യാചിക്കേണ്ട സാഹചര്യം കോൺഗ്രസിനില്ലെന്നും പരസ്പര സമ്മതത്തോടെയും മാന്യമായ രീതിയിലുമുള്ള ധാരണയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സഹാറൻപൂർ, കൈറാന, ബെഹട്ട്, അമ്രോഹ, ലളിത്പുർ എന്നീ മണ്ഡലങ്ങളിലാണ് സമാജ്‌വാദി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ നാലിടത്തും നിലവിലെ എസ്.പി എം.എൽ.എമാരെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. സഹാറൻപൂർ മണ്ഡലം മസൂദിന്റെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായതിനാൽ പ്രഖ്യാപനം കോൺഗ്രസിന് കൂടുതൽ അതൃപ്തിയുണ്ടാക്കി. ചർച്ചകൾക്കിടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് സഖ്യചർച്ചകളോടുള്ള ആത്മാർഥതയില്ലായ്മയാണ് കാണിക്കുന്നതെന്നും ചർച്ചകൾ തുടരണോയെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും മസൂദ് പറഞ്ഞു.

403 അംഗങ്ങളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 130 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് താൽപര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ സമാജ്‌വാദി പാർട്ടി ആദ്യഘട്ടത്തിൽ 26 സീറ്റുകൾ മാത്രമാണ് വാഗ്ദാനം ചെയ്തത്. ഇതോടെ സീറ്റ് വിഭജനത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. അതേസമയം, സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കി. പരസ്പര ധാരണയിലൂടെ സ്ഥാനാർഥികളെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദങ്ങൾക്കിടയിലും കോൺഗ്രസ്–എസ്.പി സഖ്യം തുടരുമെന്ന പ്രതീക്ഷയാണ് സമാജ്‌വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവ് പ്രകടിപ്പിച്ചത്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും സഖ്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും ഇരുപാർട്ടികളും മുന്നോട്ടുവയ്ക്കുന്നുണ്ട്.