'ഉദയനിധിയല്ല, വൾഗർനിധി'; അറസ്റ്റ് പിന്നാലെ ടിവികെയുടെ രൂക്ഷ വിമർശനം
ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ ടിവികെ (TVK) രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നടി തൃഷയെ പരാമർശിച്ച് നടത്തിയെന്നാരോപിക്കപ്പെടുന്ന വിവാദ പരാമർശത്തെ തുടർന്നാണ് ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ടിവികെ നേതാക്കൾ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതികരണവുമായി എത്തി.
"അദ്ദേഹത്തെ ഇനി ഉദയനിധി എന്ന് വിളിക്കാനാവില്ല, 'വൾഗർനിധി' എന്നാണ് വിളിക്കേണ്ടത്. രാഷ്ട്രീയ എതിരാളിയെ വിമർശിക്കുന്നത് ഒരു കാര്യമാണ്, എന്നാൽ ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം ഒരിക്കലും അംഗീകരിക്കാനാവില്ല," എന്നാണ് ടിവികെ നേതാക്കളുടെ പ്രതികരണം.
തഞ്ചാവൂരിൽ നടന്ന കാവേരി വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയുണ്ടായ പരാമർശമാണ് വിവാദമായത്. തുടർന്ന് ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ചൊവ്വാഴ്ച അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഡിഎംകെ രാഷ്ട്രീയ പ്രതികാരമാണെന്ന ആരോപണം ഉന്നയിച്ചപ്പോൾ, ടിവികെ അത് തള്ളിക്കളഞ്ഞു.
അറസ്റ്റിന് പിന്നാലെ പ്രതികരിച്ച ഉദയനിധി, "ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞോ?" എന്ന് ചോദിച്ച് നിയമപരമായി വിഷയത്തെ നേരിടുമെന്നും വ്യക്തമാക്കി.