നാവികസേന കമാൻഡറെന്ന് നടിച്ച് ജോലി വാഗ്ദാനം; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

 
Nat

കൊച്ചി: ഇന്ത്യൻ നാവികസേനയിലെ കമാൻഡറാണെന്ന് വ്യാജമായി അവകാശപ്പെട്ട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ 43-കാരനെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. നേവൽ ഇന്റലിജൻസ്, സംസ്ഥാന ഇന്റലിജൻസ്, കേരള പൊലീസ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത്. 

പ്രതി ബിമൽ എസ്. നമ്പൂതിരി വ്യാജമായി നാവികസേനാ ഉദ്യോഗസ്ഥനായി ചമഞ്ഞ് ജോലി അന്വേഷിച്ചിരുന്നവരിൽ നിന്ന് പണം വാങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശിയിൽ നിന്ന് ഭാര്യയ്ക്കും സഹോദരിക്കുമായി ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 18 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ മൂന്ന് ലക്ഷം രൂപ മാത്രമാണ് പിന്നീട് തിരിച്ചുനൽകിയത്. 

പ്രതിയുടെ പാലാരിവട്ടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നാവികസേനയുടെ യൂണിഫോമുകൾ, റാങ്ക് ബാഡ്ജുകൾ, വാക്കി-ടോക്കികൾ, വാളുകൾ, ഫലകങ്ങൾ തുടങ്ങി ഉദ്യോഗസ്ഥന്റെ രൂപഭാവം സൃഷ്ടിക്കാൻ ഉപയോഗിച്ചിരുന്ന നിരവധി വസ്തുക്കൾ കണ്ടെത്തി. ആദ്യം പൊലീസ് എത്തിയ വിവരം അറിഞ്ഞ് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചെങ്ങമനാട് ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. 

ഇന്ത്യൻ നാവികസേനയുടെ എല്ലാ നിയമനങ്ങളും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമാണ് നടക്കുന്നതെന്നും ഇടനിലക്കാരോ ഏജന്റുമാരോ മുഖേന നിയമനം നടത്തുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്നും ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെയോ നാവികസേനയെയോ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.