മോദിക്കെതിരായ ഓൺലൈൻ ഭീഷണി: യുവാവിനെ തിരിച്ചറിഞ്ഞ് ഔദ്യോഗിക മുന്നറിയിപ്പ് നൽകി ഓസ്ട്രേലിയൻ പൊലീസ്

 
Nat

ഓസ്ട്രേലിയ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത യുവാവിനെ തിരിച്ചറിഞ്ഞതായി ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) അറിയിച്ചു. അന്വേഷണത്തിന് പിന്നാലെ യുവാവിന് ഔദ്യോഗിക മുന്നറിയിപ്പ് (Formal Warning) നൽകിയതായും അധികൃതർ വ്യക്തമാക്കി. 

ജൂലൈ 3-നാണ് സംശയാസ്പദനായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തത്. സംഭവത്തിന്റെ ഗൗരവം വിലയിരുത്തിയ ശേഷമാണ് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്. നിലവിൽ പൊതുജനങ്ങൾക്ക് യാതൊരു അടിയന്തര സുരക്ഷാഭീഷണിയും ഇല്ലെന്നും AFP അറിയിച്ചു. 

മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മോദിക്കെതിരായ ഭീഷണി സന്ദേശം പുറത്തുവന്നത്. ഭീഷണി സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് വളരെ വേഗത്തിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു. 

വിദേശ രാഷ്ട്രത്തലവന്മാരുടെയും അന്താരാഷ്ട്ര വിശിഷ്ടാതിഥികളുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്നതായും ഭീഷണികളും ഓൺലൈൻ പീഡനങ്ങളും ഉൾപ്പെടെയുള്ള എല്ലാ പരാതികളും ഗൗരവത്തോടെയാണ് അന്വേഷിക്കുന്നതെന്നും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് വ്യക്തമാക്കി. 

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്യുമായി ഉഭയകക്ഷി ചർച്ചകളും ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയും ഉൾപ്പെടുന്ന പരിപാടികളാണ് മോദിയുടെ സന്ദർശനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ–ഓസ്ട്രേലിയ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന സന്ദർശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.