ജോലിക്ക് പോകാൻ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് 15 ശതമാനം പേർ മാത്രം; എൻഎസ്ഒ സർവേ

 
National

ഇന്ത്യയിലെ തൊഴിലാളികളിൽ 15 ശതമാനം പേർ മാത്രമാണ് ജോലിസ്ഥലത്തേക്ക് പോകാൻ ബസ്, ട്രെയിൻ, ട്രാം, ഓട്ടോറിക്ഷ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസിന്റെ ആദ്യ ദേശീയ ഗാർഹിക യാത്രാ സർവേ. 46 ശതമാനം പേർ ഇരുചക്രവാഹനങ്ങളോ കാറുകളോ പോലുള്ള സ്വകാര്യ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. 28.3 ശതമാനം പേർ ജോലിസ്ഥലത്തേക്ക് നടന്നാണ് എത്തുന്നത്.

2025 ജൂലൈ മുതൽ 2026 ജൂൺ വരെ നടത്തിയ സർവേയിൽ 14,274 ഗ്രാമങ്ങളും 10,377 നഗര ബ്ലോക്കുകളും ഉൾപ്പെടുത്തി. 4,92,023 കുടുംബങ്ങളിൽനിന്നായി 20,34,371 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഒരു കിലോമീറ്ററിൽ കൂടുതലുള്ള യാത്രകളെയാണ് സർവേയിൽ യാത്രയായി കണക്കാക്കിയത്.

ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരിൽ 42.6 ശതമാനം പേരും ഇരുചക്രവാഹനങ്ങളെയാണ് പ്രധാന ഗതാഗതമാർഗമായി ഉപയോഗിക്കുന്നത്. നഗരപ്രദേശങ്ങളിൽ ഈ നിരക്ക് 52.3 ശതമാനമാണ്. നഗരങ്ങളിലെ പൊതുഗതാഗത ഉപയോഗം ഗ്രാമപ്രദേശങ്ങളെക്കാൾ ഉയർന്നതാണെങ്കിലും, നഗര തൊഴിലാളികളുടെ യാത്രകളിൽ ബസ്, ട്രെയിൻ, മെട്രോ, ട്രാം എന്നിവയുടെ വിഹിതം 14.5 ശതമാനം മാത്രമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഒരു തൊഴിലാളി പ്രതിമാസം ശരാശരി 785 രൂപ ചെലവഴിക്കുന്നതായും സർവേ കണ്ടെത്തി. നഗര തൊഴിലാളികളുടെ ശരാശരി ചെലവ് 1,044 രൂപയും ഗ്രാമീണ തൊഴിലാളികളുടേത് 612 രൂപയുമാണ്. 83.4 ശതമാനം തൊഴിലാളികളും അരമണിക്കൂറിനുള്ളിൽ സ്ഥിരം ജോലിസ്ഥലത്ത് എത്തുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

യാത്രാ രീതികൾ, ചെലവ്, ദൈർഘ്യം, ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഗതാഗത ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, റൂട്ടുകളുടെ ക്രമീകരണം, സർവീസ് ആവൃത്തി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നയരൂപീകരണത്തിന് സഹായിക്കുക എന്നതാണ് സർവേയുടെ പ്രധാന ലക്ഷ്യം.