സിന്ധു നദീജല കരാർ നിർത്തിവച്ച നടപടിയെ കുറിച്ച് ഒവൈസി ചോദ്യം ഉന്നയിക്കുന്നു; നമ്മൾ വെള്ളം എവിടെ സൂക്ഷിക്കും?

ന്യൂഡൽഹി: സിന്ധു നദീജല കരാർ നിർത്തിവച്ചതിന് ശേഷം ഇന്ത്യ ഈ വെള്ളം മുഴുവൻ എവിടെ സംഭരിക്കുമെന്ന ചോദ്യവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി മുന്നോട്ടുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അതിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അസദുദ്ദീൻ തന്റെ ആശങ്കകൾ പങ്കുവെച്ചു. പഹൽഗാം ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ അന്താരാഷ്ട്ര നിയമം ഇന്ത്യയ്ക്ക് അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് വളരെ നല്ല കാര്യമാണ്. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. കേന്ദ്ര സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തെയും ഞങ്ങൾ പിന്തുണയ്ക്കും. തീവ്രവാദ ഗ്രൂപ്പുകൾക്ക് അഭയം നൽകുന്ന ഒരു രാജ്യത്തിനെതിരെ കേന്ദ്ര സർക്കാരിന് നടപടിയെടുക്കാൻ കഴിയും.
സ്വയം പ്രതിരോധത്തിനായി പാകിസ്ഥാനെതിരെ വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്താനും അതിന് ആയുധങ്ങൾ നൽകുന്നത് നിർത്താനും അന്താരാഷ്ട്ര നിയമം അനുവദിക്കുന്നു. മതം ചോദിച്ച വിനോദസഞ്ചാരികളെ വെടിവച്ചുകൊല്ലുന്നതിലൂടെ ആഴത്തിൽ വേരൂന്നിയ വർഗീയതയെയാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാമിലെ സുരക്ഷാ വീഴ്ചയ്ക്കും ഒവൈസി മറുപടി നൽകി. ബൈസരൻ പുൽമേട്ടിൽ സിആർപിഎഫിനെ വിന്യസിക്കാത്തത് എന്തുകൊണ്ട്? ക്വിക്ക് റിയാക്ഷൻ ടീം അവിടെ എത്താൻ ഒരു മണിക്കൂർ എടുത്തത് എന്തുകൊണ്ട്?
സിന്ധു ജല കരാർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടൽ കരാറാണ്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബറിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിൽ കരാർ ഒപ്പുവച്ചു. ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് കരാർ പ്രാബല്യത്തിൽ വന്നത്.
കരാർ പ്രകാരം, സിന്ധു, ജെഹേലും, ചെനാബ് - പടിഞ്ഞാറൻ നദികൾ - പാകിസ്ഥാന്. രവി, ബിയാസ്, സത്‌ലജ് - കിഴക്കൻ നദികൾ - ഇന്ത്യയ്ക്ക്. അതിന്റെ ജലം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ ഒരുപോലെ പ്രധാനമാണ്.
സിന്ധു ജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ ശരിക്കും ഇളക്കും. ഇന്ത്യ മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ നദിയിലെ വെള്ളപ്പൊക്കം ഒരു വാട്ടർ ബോംബ് പോലെയാകുകയും പാകിസ്ഥാനിൽ വലിയ നാശമുണ്ടാക്കുകയും ചെയ്യും. സിന്ധു നദി ടിബറ്റൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്നു. സിന്ധു നദീതടത്തെ വളരെയധികം ആശ്രയിക്കുന്ന ഒരു രാജ്യമാണ് പാകിസ്ഥാൻ.
ജലസേചനം, കൃഷി, വൈദ്യുതി മുതലായവ ശ്വാസംമുട്ടലിലേക്ക് നീങ്ങും. പഞ്ചാബ് പ്രവിശ്യ ജലസേചനത്തിനായി സിന്ധുവിനെയും അതിന്റെ പോഷകനദികളെയും ആശ്രയിച്ചിരിക്കുന്നു. പാകിസ്ഥാനിലെ കാർഷിക ഉൽപ്പന്നങ്ങളുടെയും വിളകളുടെയും 85 ശതമാനവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.