‘റെഡ് ഫോർട്ട് സ്ഫോടനത്തിന് പണം നൽകി’; ഡിജിറ്റൽ അറസ്റ്റിലാക്കി വയോധിക ദമ്പതികളിൽനിന്ന് 30 ലക്ഷം തട്ടി

 
Cyber

ന്യൂഡൽഹി: റെഡ് ഫോർട്ട് സ്ഫോടനത്തിന് പണം നൽകിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരാണെന്ന് വ്യാജമായി പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പുകാർ ഡൽഹിയിലെ വയോധിക ദമ്പതികളെ ഏഴ് ദിവസത്തോളം ‘ഡിജിറ്റൽ അറസ്റ്റിൽ’ നിർത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു. 74കാരനായ വിരമിച്ച റെയിൽവേ ജീവനക്കാരനും ഭാര്യയുമാണ് തട്ടിപ്പിനിരയായത്.

കഴിഞ്ഞ വർഷം നവംബർ 23നാണ് വയോധികന് ഫോൺ ലഭിച്ചത്. റെഡ് ഫോർട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതികൾക്ക് ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നൽകിയെന്നായിരുന്നു തട്ടിപ്പുകാരുടെ ആരോപണം. തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയിലെയും ഭീകരവിരുദ്ധ സേനയിലെയും ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട രണ്ടുപേർ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു.

അറസ്റ്റിലാകുമെന്ന് ഭീഷണിപ്പെടുത്തിയ തട്ടിപ്പുകാർ ദമ്പതികളെ നിരന്തരം വീഡിയോ കോളിലൂടെ നിരീക്ഷിക്കുകയും മറ്റാരോടും വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന് നിർദേശിക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, സ്വത്തുക്കൾ തുടങ്ങിയവയുടെ വിശദാംശങ്ങളും ഇവർ ശേഖരിച്ചു. വ്യാജ രഹസ്യകരാർ ഒപ്പിടാനും ദമ്പതികളെ നിർബന്ധിച്ചു.

തുടർന്ന് പണത്തിന്റെ ഉറവിടം പരിശോധിക്കാനെന്ന പേരിൽ റിസർവ് ബാങ്ക് അംഗീകരിച്ച അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന് ആവശ്യപ്പെട്ടു. 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിൻവലിച്ച വയോധികൻ രണ്ട് ഘട്ടങ്ങളിലായി 15 ലക്ഷം രൂപ വീതം കൈമാറി. ഇടപാട് സ്ഥിരീകരിച്ചതായി കാണിക്കുന്ന വ്യാജ റിസർവ് ബാങ്ക് കത്തും തട്ടിപ്പുകാർ അയച്ചു.

പിന്നീട് ഫോൺവിളികൾക്ക് മറുപടി ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

പണത്തിന്റെ കൈമാറ്റം പിന്തുടർന്ന അന്വേഷണ സംഘം ഹരിയാന സ്വദേശിയായ സുനിൽ സിംഗ്ലയുടെ അക്കൗണ്ടിലേക്ക് പണത്തിന്റെ ഒരു ഭാഗം എത്തിയതായി കണ്ടെത്തി. മെയ് 11ന് ഇയാളെ അറസ്റ്റ് ചെയ്തു. ഈ അക്കൗണ്ടിലൂടെ ഒന്നിലധികം സൈബർ തട്ടിപ്പുകളിലായി ഏകദേശം ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തി.

വയോധികൻ കൈമാറിയ 15 ലക്ഷം രൂപയിൽ 12 ലക്ഷം രൂപ പൊലീസ് തടഞ്ഞുവെച്ച് വീണ്ടെടുത്ത് തിരികെ നൽകി. ഭീതിയുണ്ടാക്കി പണം തട്ടാൻ സൈബർ തട്ടിപ്പുകാർ ഉന്നത അന്വേഷണ ഏജൻസികളുടെ പേരും പ്രമുഖ കുറ്റകൃത്യങ്ങളും ഉപയോഗിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി.