വിവാദ പരസ്യത്തിൽ സുപ്രീം കോടതിയോട് മാപ്പ് പറഞ്ഞ് പതഞ്ജലി

 
Pathanjali
Pathanjali

ന്യൂഡൽഹി: പതഞ്ജലി ആയുർവേദ മാനേജിംഗ് ഡയറക്ടറും യോഗാ ഗുരു രാംദേവിൻ്റെ സഹായിയുമായ ആചാര്യ ബാലകൃഷ്ണ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നൽകാത്തതിന് കോടതി രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് അദ്ദേഹം മാപ്പ് പറഞ്ഞു.

ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും ഏപ്രിൽ രണ്ടിന് ഹാജരാകാൻ സമൻസ് അയച്ചിരുന്നു. പിന്നീട് ആചാര്യ ബാലകൃഷ്ണ മാപ്പ് പറഞ്ഞു.

നിയമവാഴ്ചയോട് വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് ഉറപ്പാക്കുമെന്നും കമ്പനി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. 'പതഞ്ജലി'യുടെ ഉൽപ്പന്നങ്ങൾ ആയുർവേദ ഗവേഷണത്തിൻ്റെ പിൻബലമുള്ളതാണെന്നും രാജ്യത്തെ പൗരന്മാരെ ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

അലോപ്പതി ഉൾപ്പെടെയുള്ള ആരോഗ്യ ശാഖകളെ പരിഹസിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്തതിനാണ് പതഞ്ജലിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരാതി നൽകിയത്.