96 മണ്ഡലങ്ങളിലെ ജനങ്ങൾ പോളിങ് ബൂത്തുകളിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടം ആരംഭിച്ചു
 
lok sabha

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ഒമ്പത് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ 13 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിലെ എട്ട് സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ യൂസഫ് പത്താൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, ഗിരിരാജ് സിംഗ്, നടനും തൃണമൂൽ എന്നിവരും ഇന്ന് വോട്ട് തേടുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു. കോൺഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹ, കോൺഗ്രസ് ആന്ധ്രാപ്രദേശ് യൂണിറ്റ് പ്രസിഡൻ്റ് വൈ എസ് ശർമിള എന്നിവരും ഉൾപ്പെടുന്നു.

മൂന്ന് ഘട്ടങ്ങളിലായി 16 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മൂന്നിലൊന്ന് സീറ്റുകളിലേക്കും ഇനിയും വോട്ടെടുപ്പ് നടക്കാനുണ്ട്. ഹരിയാന, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് അവസാന രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്.

നാളെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. വാരാണസിയിൽ ബിജെപി വിപുലമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിക്കും