പ്രധാനമന്ത്രി മോദി എച്ച്.ആർ.ആർ.എൽ അത്യാധുനിക റിഫൈനറി ഉദ്ഘാടനം ചെയ്തു; ഇന്ത്യയുടെ ഇന്ധന ഭാവിക്ക് എങ്ങനെ ഗുണം ചെയ്യും?

 
Nat

രാജസ്ഥാനിലെ പച്പദ്രയിൽ സ്ഥാപിച്ചിരിക്കുന്ന എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് (HRRL) സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഏകദേശം 9 ദശലക്ഷം മെട്രിക് ടൺ വാർഷിക ശേഷിയുള്ള ഈ അത്യാധുനിക പദ്ധതി ഇന്ത്യയുടെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. 

റിഫൈനറി പ്രവർത്തനക്ഷമമാകുന്നതോടെ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഭ്യന്തര ഉൽപാദനം വർധിക്കും. ഇതിലൂടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ആഗോള വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളുടെ ആഘാതം ഒരു പരിധിവരെ നിയന്ത്രിക്കാനും ഇന്ത്യക്ക് കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

പശ്ചിമേഷ്യയിലെ വിതരണ പ്രതിസന്ധികൾ പോലുള്ള ആഗോള വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഈ റിഫൈനറി സഹായകമാകും. കൂടാതെ രാജസ്ഥാനിൽ വ്യവസായ വികസനം, തൊഴിൽസൃഷ്ടി, അനുബന്ധ പെട്രോകെമിക്കൽ മേഖലയുടെ വളർച്ച എന്നിവയ്ക്കും പദ്ധതി വലിയ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. 

റിഫൈനറി ഉദ്ഘാടനത്തോടൊപ്പം രാജസ്ഥാനിൽ ഏകദേശം ₹1.06 ലക്ഷം കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു.