ജക്കാർത്തയിൽ മോദിക്ക് അപൂർവ സ്വീകരണം; വിമാനത്താവളത്തിലെത്തി വരവേറ്റത് ഇൻഡോനേഷ്യൻ പ്രസിഡന്റ്
നരേന്ദ്ര മോദി ഇൻഡോനേഷ്യൻ സന്ദർശനത്തിനായി ജക്കാർത്തയിലെത്തിയപ്പോൾ, ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവ സുബിന്റോ നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരണം നൽകി. വിദേശ നേതാക്കൾക്ക് അപൂർവമായി മാത്രമേ ഇത്തരമൊരു വ്യക്തിപരമായ സ്വീകരണം നൽകാറുള്ളൂ എന്നതിനാൽ ഈ നീക്കം ശ്രദ്ധേയമായി.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യ–ഇൻഡോനേഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചർച്ചകളാണ് പ്രധാന അജണ്ട. 2018-ൽ ഇരു രാജ്യങ്ങളും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് (Comprehensive Strategic Partnership) ബന്ധം ഉയർത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
ഇൻഡോനേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതു മുതൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇൻഡോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി നൽകിയതും സന്ദർശനത്തിന്റെ പ്രത്യേകതയായി. വിമാനത്താവളത്തിൽ സാംസ്കാരിക പരിപാടികളോടെയായിരുന്നു സ്വീകരണം.
സന്ദർശനത്തിനിടെ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സമുദ്രസുരക്ഷ, സാംസ്കാരിക സഹകരണം തുടങ്ങിയ മേഖലകളിലെ ബന്ധം കൂടുതൽ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകും. കൂടാതെ യോഗ്യകാർത്തയിലെ പ്രശസ്തമായ പ്രംബനൻ ക്ഷേത്രസമുച്ചയവും ഇരുനേതാക്കളും സന്ദർശിക്കും.
ഇൻഡോനേഷ്യ സന്ദർശനത്തിന് ശേഷം ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും മോദി യാത്ര തുടരും. ഇൻഡോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ലക്ഷ്യം.