മോദി മാസ്‌ക് ധരിച്ച് മോഷണം; രാജസ്ഥാനിലെ കള്ളൻ സോഷ്യൽ മീഡിയയിലെ വൈറൽ താരം
രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ നടന്ന വിചിത്ര മോഷണശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം അച്ചടിച്ച മാസ്‌ക് ധരിച്ചാണ് കള്ളൻ മൊബൈൽ ഫോൺ കടയിൽ കവർച്ച നടത്താൻ എത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോ വൈറലാവുകയും നിരവധി മീമുകൾ പ്രചരിക്കുകയും ചെയ്തു.
കറേഡ പട്ടണത്തിലെ മൊബൈൽ ഫോൺ കടയിലാണ് അർധരാത്രിയോടെ മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്ത് അകത്ത് കയറിയ പ്രതികൾ ഏകദേശം 35 മുതൽ 40 വരെ സ്മാർട്ട്ഫോണുകൾ മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്. മോഷ്ടിക്കപ്പെട്ട ഫോണുകളുടെ മൂല്യം ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ പ്രധാനമന്ത്രി മോദിയുടെ മുഖം പതിപ്പിച്ച മാസ്‌ക് ധരിച്ച് കടയ്ക്കുള്ളിൽ കയറുന്നതും ഫോണുകൾ ശേഖരിക്കുന്നതും വ്യക്തമായി കാണാം. ഇതേ സംഘം സമീപത്തെ മറ്റൊരു മൊബൈൽ കടയിലും മോഷണശ്രമം നടത്തിയതായും പൊലീസ് സംശയിക്കുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ "He knew what he was doing" ഉൾപ്പെടെയുള്ള തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളിൽ മീമുകൾ നിറഞ്ഞു. നിരവധി ഉപയോക്താക്കൾ രസകരമായ പ്രതികരണങ്ങൾ പങ്കുവെച്ചെങ്കിലും, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.