വനിതാ സംവരണത്തിൽ മോദിയുടെ ആഹ്വാനം ‘നാടകം’; ലക്ഷ്യം ‘മോദി സംരക്ഷണം’ എന്ന് കോൺഗ്രസ്
ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ പിന്തുണ നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗത്തിലെ ആഹ്വാനത്തിനെതിരെ കോൺഗ്രസ്. മോദിയുടെ ആഹ്വാനം ‘നാടകം’ മാത്രമാണെന്നും അദ്ദേഹത്തിന്റെ ഏക അജണ്ട ‘വനിതാ സംവരണമല്ല, മോദി സംരക്ഷണം’ ആണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
33 ശതമാനം വനിതാ സംവരണം നിലവിലെ 543 അംഗ ലോക്സഭയുടെ അടിസ്ഥാനത്തിൽ തന്നെ നടപ്പാക്കണമെന്നും 2029ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. ചെങ്കോട്ടയിൽ നിന്ന് പ്രസംഗിക്കുന്നതിന് പകരം സർക്കാർ ഇക്കാര്യം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
2023ൽ പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയ നാരി ശക്തി വന്ദൻ അധിനിയം ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണമാണ് ലക്ഷ്യമിടുന്നത്. എന്നാൽ സംവരണം നടപ്പാക്കുന്നത് മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം എതിർക്കുന്നത്.
സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് വനിതകൾക്ക് ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നത് രാജ്യത്തിന്റെ നയരൂപീകരണത്തിൽ നിർണായകമാണെന്നും മോദി പറഞ്ഞിരുന്നു.