ഗർഭിണിയായ യുവതിയെ മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തിയ സംഭവം

ആദ്യ അറസ്റ്റ്, അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്
 
crime

ചണ്ഡീഗഢിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജീത് കൗർ കൊല്ലപ്പെട്ട കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. പഞ്ചാബിലെ കപൂർത്തല സ്വദേശിയായ 25കാരൻ പർമിന്ദർ സിങ് എന്ന പിണ്ടയെയാണ് ചണ്ഡീഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന റിങ്കുവിന്റെ അടുത്തയാളാണ് പിണ്ടയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയും ലഭിച്ചു.

ജൂലൈ മൂന്നിനും നാലിനും ഇടയിലുള്ള രാത്രിയിലാണ് 28കാരിയായ മൻജീത് കൗറിനെ ചണ്ഡീഗഢിലെ സെക്ടർ 34ൽ നിന്ന് പരിചയക്കാരായവർ വാഹനത്തിൽ കൊണ്ടുപോയതെന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്ന് പഞ്ചാബിലെ മൊരിന്ദയ്ക്ക് സമീപമുള്ള വനമേഖലയിൽ എത്തിച്ച് മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവന്ന വിവരം. ഗുരുതരമായി പൊള്ളലേറ്റ മൻജീത് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയശേഷം ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 26ന് മരിച്ചു.

ഏറ്റവും പുതിയ അന്വേഷണത്തിൽ സംഭവസ്ഥലം സംബന്ധിച്ചും പുതിയ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പിണ്ട നൽകിയ മൊഴി പ്രകാരം ആക്രമണം മൊരിന്ദയിലെ വനമേഖലയിൽ അല്ല, ചണ്ഡീഗഢിലെ സെക്ടർ 34ൽ തന്നെയായിരിക്കാമെന്നാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ പ്രതിയുടെ ഈ മൊഴി ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകൾ ഉപയോഗിച്ച് പൊലീസ് വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

മരണസമയത്ത് മൻജീത് ഏകദേശം ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. ഗർഭധാരണവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിന് പിന്നിലെ സാധ്യതയുള്ള കാരണമാണോ എന്നതും പൊലീസ് പരിശോധിക്കുന്നു. സംഭവത്തിൽ മറ്റ് പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന റിങ്കുവിനെയും മറ്റൊരു വ്യക്തിയായ ശുഭിയെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

മൻജീത് കൗറിനെ തട്ടിക്കൊണ്ടുപോയതിലും ആക്രമണത്തിലും പിണ്ടയ്ക്ക് എന്ത് പങ്കാണ് ഉണ്ടായിരുന്നതെന്ന് കൂടുതൽ ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ യഥാർഥ സ്ഥലം, ആക്രമണത്തിൽ പങ്കെടുത്തവർ, ആക്രമണത്തിന് പിന്നിലെ കാരണം എന്നിവ സംബന്ധിച്ച വ്യക്തമായ ചിത്രം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.