രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി മുർമുവും പ്രധാനമന്ത്രി മോദിയും

 
National

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികമായ ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരാഞ്ജലി അർപ്പിച്ചു. ഗാന്ധിജിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ നേതാക്കൾ സർവമത പ്രാർഥനയിലും പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിൽ ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതായും അവർ വ്യക്തമാക്കി.

സത്യം, അഹിംസ, കരുണ, സേവനം എന്നിവയുടെ പ്രതീകമായിരുന്നു ഗാന്ധിജിയുടെ ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. മെച്ചപ്പെട്ട സമൂഹത്തിനും വികസിത ഭാരതത്തിനും ഗാന്ധിജിയുടെ സന്ദേശം മാർഗദർശനമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ഗാന്ധിജയന്തി ദിനത്തിൽ കുറഞ്ഞത് ഒരു ഖാദി ഉൽപ്പന്നമെങ്കിലും വാങ്ങണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. ഖാദിയോടും സ്വദേശിയോടുമുള്ള ഗാന്ധിജിയുടെ പ്രാധാന്യം ഓർമിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.

അതേസമയം, ഒക്ടോബർ രണ്ടിന് മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 122-ാം ജന്മവാർഷികവും ആചരിച്ചു. പ്രധാനമന്ത്രി മോദി വിജയ്ഘട്ടിലെത്തി ശാസ്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രതലസ്ഥാനത്ത് നടന്ന ചടങ്ങുകളിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരും പങ്കെടുത്തു.