ജാർഖണ്ഡിൽ നിർദിഷ്ട കൽക്കരി ഖനന പദ്ധതിക്കെതിരെ പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, 12 പേർക്ക് പരിക്ക്
ജാർഖണ്ഡിൽ നിർദിഷ്ട കൽക്കരി ബ്ലോക്ക് പദ്ധതിക്കെതിരെ ഗ്രാമവാസികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ദുംക ജില്ലയിൽ പൊലീസിന് നേരെയുണ്ടായ കല്ലേറിൽ 12 പൊലീസുകാർക്ക് പരിക്കേറ്റു. പ്രദേശത്ത് കൽക്കരി ഖനന പദ്ധതി നടപ്പാക്കുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്കായി എത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പരിക്കേറ്റ പൊലീസുകാരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കൽക്കരി ഖനന പദ്ധതി നടപ്പാക്കുന്നതിലൂടെ തങ്ങളുടെ ഭൂമിക്കും ഉപജീവനമാർഗങ്ങൾക്കും പരിസ്ഥിതിക്കും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണ് ഗ്രാമവാസികളുടെ പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പദ്ധതിക്കെതിരെ പ്രദേശവാസികൾ നേരത്തെയും എതിർപ്പ് അറിയിച്ചിരുന്നു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചുവരികയാണ്.