വാഹനങ്ങളുടെ പഴക്കവും മലിനീകരണ നിലവാരവും അനുസരിച്ച് പി.യു.സി സർട്ടിഫിക്കറ്റ് കാലാവധി പുതുക്കി; പുതിയ നിയമങ്ങൾ നിലവിൽ
ന്യൂഡൽഹി: വാഹനങ്ങളുടെ പഴക്കവും മലിനീകരണ നിലവാരവും കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റായ പി.യു.സി (PUC) യുടെ കാലാവധി പുതുക്കി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH). പുതിയതും കുറഞ്ഞ മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങളുടെ ഉടമകൾക്ക് പരിശോധനയുടെ ആവൃത്തി കുറയ്ക്കുന്നതിനൊപ്പം പഴയ വാഹനങ്ങളുടെ മലിനീകരണ പരിശോധന കർശനമായി തുടരാനാണ് തീരുമാനം.
പുതിയ വ്യവസ്ഥപ്രകാരം ബി.എസ്-VI നിലവാരത്തിലുള്ള ആറ് വർഷം വരെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾക്ക് മൂന്ന് വർഷമായിരിക്കും പി.യു.സി സർട്ടിഫിക്കറ്റിന്റെ കാലാവധി. ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരു വർഷവും പത്ത് വർഷത്തിലധികം പഴക്കമുള്ളവയ്ക്ക് ആറുമാസവുമായിരിക്കും കാലാവധി. ബി.എസ്-VI നിലവാരത്തിലുള്ള ഗതാഗത വാഹനങ്ങൾക്ക് ആറ് വർഷം വരെ രണ്ട് വർഷവും ആറ് മുതൽ പത്ത് വർഷം വരെ ഒരു വർഷവും പത്ത് വർഷത്തിന് മുകളിൽ ആറുമാസവുമാണ് കാലാവധി.
ബി.എസ്-I, ബി.എസ്-II, ബി.എസ്-III നിലവാരത്തിലുള്ള വാഹനങ്ങൾക്ക് മൂന്ന് മാസവും ബി.എസ്-IV വാഹനങ്ങൾക്ക് ആറുമാസവുമായിരിക്കും സർട്ടിഫിക്കറ്റ് കാലാവധി. നിലവിലുള്ള പി.യു.സി സർട്ടിഫിക്കറ്റുകൾക്ക് പുതിയ കാലാവധി ഉടൻ ബാധകമാകില്ല. നിയമഭേദഗതി പ്രാബല്യത്തിൽ വന്നശേഷമുള്ള ആദ്യ പുതുക്കൽ മുതൽ മാത്രമായിരിക്കും പുതിയ വ്യവസ്ഥകൾ ബാധകമാകുക.
2026 നവംബർ 13-ന് വിജ്ഞാപനം ചെയ്ത കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ പതിനാറാം ഭേദഗതിയിലൂടെയാണ് മാറ്റങ്ങൾ നടപ്പാക്കിയത്. പുതിയ വ്യവസ്ഥകൾ പ്രകാരം വാഹനത്തിന്റെ വിഭാഗവും പഴക്കവും മലിനീകരണ നിലവാരവും അനുസരിച്ചായിരിക്കും ഇനി പി.യു.സി സർട്ടിഫിക്കറ്റ് പുതുക്കേണ്ടത്.