പൂനെ കൊലപാതകം: പൂക്കളും സർപ്രൈസുകളും വിവാഹാഭ്യർഥനയും

കേതൻ അഗർവാളിന്റെ അവസാന ദിവസങ്ങൾ പുറത്ത്
 
Crm

പൂനെ: മഹാരാഷ്ട്രയെ ഞെട്ടിച്ച കേതൻ അഗർവാൾ കൊലപാതകക്കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. വിവാഹനിശ്ചയം കഴിഞ്ഞ പ്രതിശ്രുത വധു സിയ ഗോയലിനായി കേതൻ അഗർവാൾ അവസാന ദിവസങ്ങളിൽ ഒരുക്കിയത് പൂക്കളും സർപ്രൈസുകളും നിറഞ്ഞ ആഘോഷങ്ങളായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്നത്. ഏതാനും ദിവസങ്ങൾക്കുശേഷമാണ് കേതൻ കൊല്ലപ്പെട്ടത്. 

അന്വേഷണസംഘത്തിന് ലഭിച്ച വീഡിയോകളിൽ, പൂക്കൾ കൊണ്ട് അലങ്കരിച്ച ആഡംബര കൺവേർട്ടിബിൾ കാറിൽ സിയയ്ക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നതും, റെസ്റ്റോറന്റിൽ മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തുന്നതും, സമ്മാനം കൈമാറുന്നതും കാണാം. സിയയുടെ ജന്മദിനം അവിസ്മരണീയമാക്കാൻ കേതൻ ഒരു മാസത്തിലേറെ സമയം ചെലവഴിച്ച് ഒരുക്കങ്ങൾ നടത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. 

ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നവംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ഉദയ്പൂരിലെ കൊട്ടാരവും ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു. മഹാബലേശ്വറിലെ ആഡംബര റിസോർട്ടിൽ സിയയുടെ ജന്മദിനാഘോഷത്തിനായി 40-ഓളം മുറികളും കേതൻ ബുക്ക് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

ജൂൺ 18-ന് ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ കേതൻ താഴ്വരയിലേക്ക് വീണ് മരിച്ചതായി ആദ്യം കരുതിയിരുന്നെങ്കിലും, പിന്നീട് നടന്ന അന്വേഷണത്തിൽ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കേസിൽ പ്രതിശ്രുത വധു സിയ ഗോയലിനെയും സുഹൃത്തും കാമുകനുമായ ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ചേർന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ആരോപിക്കുന്നത്. അന്വേഷണം തുടരുകയാണ്.