രാഹുലിന്റെ യാത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ ബംഗാളിലൂടെ കടന്നു

 
Rahul

കൊൽക്കത്ത: കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര വ്യാഴാഴ്ച രാവിലെ പശ്ചിമ ബംഗാളിലെത്തി. എന്നിരുന്നാലും ബംഗാളിൽ താമസം ഹ്രസ്വമായിരുന്നു. ബംഗാളിന്റെ കിഴക്കൻ ജില്ലകളിലൂടെ അടുത്ത ബീഹാറിലേക്ക് യാത്ര അതിവേഗം കടന്നു. കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ മാൾഡയും മുർഷിദാബാദും സന്ദർശിക്കാൻ യാത്ര അടുത്തയാഴ്ച ബംഗാളിൽ വീണ്ടും പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്.

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമത തുറന്നടിച്ചിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഫലം വന്നതിന് ശേഷം ഇന്ത്യ മുന്നണിയുമായി സീറ്റ് പങ്കിടുന്ന കാര്യം തീരുമാനിക്കുമെന്നും അവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് ബംഗാളിലൂടെ യാത്ര കടന്നുപോയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതാണ് തീരുമാനത്തിന് പിന്നിലെന്ന് മമത ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് പശ്ചിമ ബംഗാളിൽ കൂടി കടന്നു പോകുന്ന രാഹുലിന്റെ യാത്ര മമതയെ അറിയിച്ചിരുന്നില്ല. സാമാന്യ മര്യാദയുടെ പേരിലെങ്കിലും യാത്രയെ കുറിച്ച് അറിയിക്കണമായിരുന്നുവെന്നും മമത പ്രതികരിച്ചു. മമതയുടെ പാർട്ടിയുമായുള്ള സഖ്യം തുടരുമെന്നും ചെറിയ തർക്കങ്ങൾ പരിഹരിക്കുമെന്നും എഐസിസി നേതാക്കളായ ജയറാം രമേശും കെസി വേണുഗോപാലും പ്രതികരിച്ചു.

മമതയുമായി നല്ല ബന്ധമാണുള്ളതെന്നും സീറ്റ് ചർച്ച പുരോഗമിക്കുകയാണെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാൽ രാഹുലിന്റെ ഇടപെടൽ ചർച്ചയെ ബാധിച്ചിട്ടില്ലെന്ന് മമത തുറന്നടിച്ചു. സംസ്ഥാന കോൺഗ്രസ് നേതാവും ലോക്‌സഭാ നേതാവുമായ അധീർ രഞ്ജൻ ചൗധരിയും മമതയെ അവസരവാദിയെന്ന് വിളിച്ചതും മമതയെ പ്രകോപിപ്പിച്ചു.

സീറ്റിന് വേണ്ടി കോൺഗ്രസ് യാചിക്കില്ലെന്നും തൃണമൂലിന്റെ സഹായമില്ലാതെ വിജയിക്കുമെന്നും അധീർ പറഞ്ഞു. അസമിൽ യാത്ര അവസാനിപ്പിച്ചാണ് ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് കടന്നത്. മമതയില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു.

തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) ഇന്ത്യാ മുന്നണിയുടെ ‘ശക്തമായ സ്തംഭം’ എന്നാണ് പാർട്ടി വിശേഷിപ്പിച്ചത്. മമതയുടെ പ്രഖ്യാപനം പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടിയായി.