കെ.എൻ. നെഹ്റുവുമായി ബന്ധപ്പെട്ട 19 ഇടങ്ങളിൽ റെയ്ഡ്

TVK സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്നാം നടപടി
 
National

ചെന്നൈ: ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ.എൻ. നെഹ്റുവുമായി ബന്ധപ്പെട്ട 19 ഇടങ്ങളിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (DVAC) പരിശോധന നടത്തി. നഗരസഭാ ഭരണ-ജലവിതരണ വകുപ്പിലെ ടെൻഡർ നടപടികളിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന. 

ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. 2025ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ടെൻഡർ ക്രമക്കേടുകളും പണം വാങ്ങി ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ അന്വേഷണം മുന്നോട്ടുപോകുന്നത്. 

ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മുൻ മന്ത്രിമാരുമായി ബന്ധപ്പെട്ട് DVAC നടത്തുന്ന മൂന്നാമത്തെ പ്രധാന പരിശോധനയാണിത്. നേരത്തെ മുൻ മന്ത്രി ഇ. വേലുവിന്റെയും വി. സെന്തിൽബാലാജിയുടെയും ബന്ധമുള്ള കേന്ദ്രങ്ങളിലും പരിശോധന നടന്നിരുന്നു. 

അതേസമയം, നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു. ഹൈക്കോടതിയിൽ കേസ് പരിഗണനയിലിരിക്കെയും നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയും റെയ്ഡ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സ്റ്റാലിന്റെ പ്രതികരണം. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അഴിമതിയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ടിവികെ സർക്കാർ വ്യക്തമാക്കി. കേസിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്നാണ് അധികൃതരുടെ നിലപാട്.