ജില്ലാ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 61 ആക്കുന്നത് പരിഗണിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

 
SC

ജില്ലാ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം നിലവിലെ 60ൽ നിന്ന് 61 ആക്കുന്നത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ച ശേഷമായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. 

ജില്ലാ ജുഡീഷ്യറിയിലെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം രാജ്യത്തുടനീളം 62 ആക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇടക്കാല നിർദേശം. സംസ്ഥാന സർക്കാരും ബന്ധപ്പെട്ട ഹൈക്കോടതിയും യോജിച്ചാൽ, അന്തിമവിധിക്ക് വിധേയമായി ജില്ലാ ജഡ്ജിമാർക്ക് 61 വയസ്സ് വരെ സർവീസിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. 

ഈ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഹൈക്കോടതികളുമായി ആലോചിച്ച് നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. രാജ്യവ്യാപകമായി വിരമിക്കൽ പ്രായം 62 ആക്കണമോ എന്ന കാര്യത്തിൽ പിന്നീട് അന്തിമ തീരുമാനം കൈക്കൊള്ളും.