രാജാ രഘുവംശി കേസ് പഠിച്ച് കൊലപാതകം ആസൂത്രണം ചെയ്തെന്ന് പൊലീസ്

പൂനെ കൊലക്കേസിൽ പുതിയ വെളിപ്പെടുത്തൽ
 
National

പൂനെയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്. മുഖ്യപ്രതിയായ സിയ ഗോയൽ, കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് രാജാ രഘുവംശി വധക്കേസിനെക്കുറിച്ച് വിശദമായി പഠിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 

സിയ ഗോയലിന്റെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ച ബ്രൗസിങ് ചരിത്രത്തിൽ രാജാ രഘുവംശി കേസുമായി ബന്ധപ്പെട്ട നിരവധി തിരച്ചിലുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയെക്കുറിച്ചും സ്ത്രീകളെ ചോദ്യം ചെയ്യുന്ന രീതിയെക്കുറിച്ചും അവർ ഇന്റർനെറ്റിൽ തിരഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറയുന്നു. 

പ്രതിയായ ചേതൻ ചൗധരിയുമായി ചേർന്ന് സിയ ഗോയൽ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് ആരോപണം. ലോഹഗഡ് കോട്ടയിൽ വെച്ച് കേതനെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റൊരു കുന്നിൽ സമാനമായ രീതിയിൽ പരിശീലനം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ജൂൺ 18-ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ കേതൻ അഗർവാൾ അപകടത്തിൽ താഴേക്ക് വീണെന്നായിരുന്നു ആദ്യം സിയ ഗോയലിന്റെ വിശദീകരണം. എന്നാൽ ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ, മറ്റ് അന്വേഷണ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇത് ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.