ജോലി മാറിയവർക്ക് ആശ്വാസം; പി.എഫ് കൈമാറ്റം കൂടുതൽ എളുപ്പമാക്കി ഇ.പി.എഫ്.ഒ
ജോലി മാറുന്ന ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് (PF) പുതിയ സ്ഥാപനത്തിലേക്ക് മാറ്റുന്ന നടപടിക്രമം കൂടുതൽ ലളിതമാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ആധാർ ബന്ധിപ്പിച്ച യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കുന്ന അംഗങ്ങൾക്ക് ഇനി പല സാഹചര്യങ്ങളിലും പ്രത്യേക ട്രാൻസ്ഫർ അപേക്ഷ നൽകാതെ തന്നെ പി.എഫ് തുക പുതിയ അക്കൗണ്ടിലേക്ക് സ്വമേധയാ മാറ്റാൻ കഴിയുന്ന സംവിധാനമാണ് നിലവിൽ വന്നത്.
പുതിയ സംവിധാനത്തിലൂടെ ഒരേ UAN-നു കീഴിലുള്ള പഴയതും പുതിയതുമായ പി.എഫ് അംഗത്വങ്ങൾ സ്വയമേവ ബന്ധിപ്പിക്കപ്പെടും. ഇതോടെ നിരവധി പി.എഫ് അക്കൗണ്ടുകൾ ഒന്നിപ്പിക്കാനും വിരമിക്കൽ നിക്ഷേപം ഒരിടത്ത് തന്നെ എളുപ്പത്തിൽ നിരീക്ഷിക്കാനും സാധിക്കും. പേപ്പർവർക്കും തൊഴിലുടമയുടെ അനുമതിക്കായി കാത്തിരിപ്പും ഗണ്യമായി കുറയുമെന്നാണ് ഇ.പി.എഫ്.ഒയുടെ വിലയിരുത്തൽ.
കേന്ദ്രീകൃത ഐ.ടി. സംവിധാനമായ CITES-ലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ പരിഷ്കാരം നടപ്പാക്കിയത്. അംഗങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു.