ആർജി കാർ കേസ്: രണ്ട് വർഷത്തിന് ശേഷം വീണ്ടും അന്വേഷണം
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ പി.ജി. ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തുമെന്ന് പശ്ചിമ ബംഗാൾ മന്ത്രി ദിലീപ് ഘോഷ്. കേസിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ അന്വേഷണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
പരാതി ലഭിച്ചതിനെ തുടർന്ന് സർക്കാർ കേസ് ഫയൽ വീണ്ടും തുറന്നതായും പുതിയ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ഓഗസ്റ്റ് 9നാണ് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ പി.ജി. ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും പ്രതിഷേധം ശക്തമായിരുന്നു.
നേരത്തെ കേസ് അന്വേഷണം കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറിയിരുന്നു. കേസിലെ പ്രധാന പ്രതിയായ സഞ്ജയ് റോയിയെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ അന്വേഷണം സംബന്ധിച്ച് ഇരയുടെ കുടുംബം തുടർച്ചയായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതിനിടെ, കേസിലെ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കൊൽക്കത്ത ഹൈക്കോടതി സിബിഐയോട് പുതിയ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് മൃതദേഹം സംസ്കരിച്ചതുവരെയുള്ള മുഴുവൻ സംഭവക്രമവും വീണ്ടും പരിശോധിക്കണമെന്നാണ് നിർദേശം.