യാത്രക്കാരുടെ അവകാശങ്ങളും വിമാനക്കൂലി നിയന്ത്രണവും
വിമാനയാത്രക്കാരുടെ അവകാശ സംരക്ഷണവും വിമാനക്കൂലിയിലെ അനിയന്ത്രിത വർധനയും സംബന്ധിച്ച ഹർജി പരിഗണിച്ച സുപ്രീം കോടതി, ഭാരതീയ വായുയാൻ അധിനിയം, 2024 പ്രകാരം തയ്യാറാക്കിയ പുതിയ വ്യോമയാന ചട്ടങ്ങൾ രണ്ടാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ചട്ടങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ സീൽ ചെയ്ത കവറിൽ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അനിയന്ത്രിത വിമാനക്കൂലിയും അധിക സേവന നിരക്കുകളും നിയന്ത്രിക്കാൻ ശക്തവും സ്വതന്ത്രവുമായ നിയന്ത്രണ സംവിധാനവും യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന മാർഗനിർദേശങ്ങളും വേണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ പഴയ ചട്ടങ്ങളാണ് തുടരുന്നതെന്നും ഹർജിക്കാരന്റെ ഭാഗം കോടതിയെ അറിയിച്ചു.
പുതിയ ചട്ടങ്ങളുടെ കരട് തയ്യാറായിട്ടുണ്ടെന്നും അവ വിവർത്തനം ചെയ്യുന്ന നടപടികളിലാണ് ഉള്ളതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജിയിലെ തുടർവാദം ഓഗസ്റ്റ് 3-ലേക്ക് സുപ്രീം കോടതി മാറ്റി.