ടിഎംസിയിൽ കലാപം രൂക്ഷം; 23 ലോക്സഭാ എംപിമാർ വിമതരുമായി ബന്ധത്തിൽ, പാർട്ടി വിഭജന അഭ്യൂഹം ശക്തം
Jun 7, 2026, 12:55 IST
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മമത ബാനർജി നയിക്കുന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഗുരുതര ആഭ്യന്തര പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾക്കിടെ, ലോക്സഭയിലെ പാർട്ടിയുടെ ശക്തികേന്ദ്രത്തിലും വിള്ളൽ വീഴുന്നതായി സൂചന. പാർട്ടിയിലെ 23 ലോക്സഭാ എംപിമാർ വിമത വിഭാഗവുമായി ബന്ധപ്പെടുന്നുണ്ടെന്നും പാർലമെന്ററി വിഭാഗത്തിൽ ഔപചാരിക വിഭജനം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിയമസഭയിൽ നേരത്തെ തന്നെ വലിയൊരു വിഭാഗം എംഎൽഎമാർ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിമത ക്യാമ്പുമായി ബന്ധപ്പെട്ട നേതാക്കൾക്ക് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. ഇതോടെ ടിഎംസിയുടെ ആഭ്യന്തര കലഹം നിയമസഭയിൽ നിന്ന് പാർലമെന്റിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്.
പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ലോക്സഭയിലെ പ്രധാന നേതാവുമായ അഭിഷേക് ബാനർജിക്കെതിരായ അസംതൃപ്തിയാണ് വിമത നീക്കങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോക്സഭയിലെ ടിഎംസി അംഗങ്ങളിൽ ചിലർ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അഭിഷേക് ബാനർജി നിശ്ചയിച്ചതിലും നേരത്തെ ഡൽഹിയിലെത്തിയതായി റിപ്പോർട്ടുണ്ട്. വിമത എംപിമാർ അടുത്ത ആഴ്ച തന്നെ നിർണായക നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അടിയന്തര സന്ദർശനം.
നിലവിൽ ടിഎംസിക്ക് ലോക്സഭയിൽ 28 അംഗങ്ങളാണുള്ളത്. അതിൽ 22 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ പ്രത്യേക ഗ്രൂപ്പായി അംഗീകാരം തേടാനുള്ള സാഹചര്യം രൂപപ്പെടുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. അതിനാൽ തന്നെ 23 എംപിമാർ വിമതരുമായി ബന്ധത്തിലാണെന്ന റിപ്പോർട്ട് പാർട്ടി നേതൃത്വത്തെ കൂടുതൽ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പാർട്ടിക്കുള്ളിലെ പ്രതിസന്ധി നിയന്ത്രിക്കാൻ ടിഎംസി വിവിധ സംഘടനാ സമിതികൾ പിരിച്ചുവിട്ട് പുനഃസംഘടനാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിമത നീക്കങ്ങൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ പ്രതിപക്ഷ രാഷ്ട്രീയത്തിലും ദേശീയതലത്തിലെ ഇന്ത്യ സഖ്യത്തിന്റെ ശക്തിസമവാക്യങ്ങളിലും ഈ സംഭവവികാസങ്ങൾ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.