വ്യാജമരുന്ന് കേസിൽ ₹3 കോടി കോഴ ആരോപണം; ഡി.ജി.സി.എയിലെ ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ കസ്റ്റഡിയിൽ വിട്ടു

 
National

ന്യൂഡൽഹി: പുതുച്ചേരിയിലെ വ്യാജമരുന്ന് നിർമ്മാണക്കേസുമായി ബന്ധപ്പെട്ട് ₹3 കോടി കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) റീജണൽ ഡയറക്ടറും ഹരിയാന കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ദീപക് ഗഹ്‌ലാവത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഉദ്യോഗസ്ഥനെ തുടർചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ വിട്ടു. 

പുതുച്ചേരി ആസ്ഥാനമായുള്ള വ്യാജമരുന്ന് നിർമ്മാണ ശൃംഖലയിലെ മുഖ്യപ്രതിയായ എൻ. രാജയ്ക്ക് സിബിഐ അന്വേഷണത്തിൽ അനുകൂലമായ ഇടപെടൽ ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് ₹3 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സിബിഐയുടെ ആരോപണം. ഇതിൽ ഒരു ഭാഗം ഇതിനകം കൈപ്പറ്റിയതായും അന്വേഷണ ഏജൻസി സംശയിക്കുന്നു. 

ഇതിന് മുമ്പ് ഇതേ കേസിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ പ്രദീപ് കുമാർ സിങ്ങിനെയും ഇടനിലക്കാരനായ രാജ്കുമാറിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നുള്ള ചോദ്യം ചെയ്യലിലാണ് ദീപക് ഗഹ്‌ലാവത്തിന്റെ പങ്ക് പുറത്തുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 

അറസ്റ്റിന് പിന്നാലെ ദീപക് ഗഹ്‌ലാവവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്. 

വ്യാജമരുന്ന് കേസിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ച കൂടുതൽ ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും പങ്ക് അന്വേഷിച്ചുവരികയാണെന്ന് സിബിഐ അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന സൂചനയും അന്വേഷണ ഏജൻസി നൽകിയിട്ടുണ്ട്.