ചെന്നൈയിൽ ട്രെയിനിൽ നിന്ന് നാല് കോടി രൂപ പിടികൂടി
ബിജെപി എംഎൽഎയുടെ ലെറ്റർ പാഡിൽ ഇക്യു വഴിയാണ് പ്രതികൾ ടിക്കറ്റിന് അപേക്ഷിച്ചത്

ചെന്നൈ: താംബരം സ്‌റ്റേഷനിൽ തീവണ്ടിയിൽ നിന്ന് നാല് കോടി രൂപ പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ബിജെപി പ്രതിസന്ധിയിൽ. സംഭവത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരുനെൽവേലി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും പാർട്ടി എംഎൽഎയുമായ നൈനാർ നാഗേന്ദ്രൻ്റെ ഔദ്യോഗിക ലെറ്റർ പാഡിൽ റെയിൽവേ എമർജൻസി ക്വാട്ടയ്ക്ക് (ഇക്യു) പ്രതി അപേക്ഷിച്ചതായി പൊലീസ് കണ്ടെത്തി. നാഗേന്ദ്രൻ്റെ തിരിച്ചറിയൽ കാർഡ് മൂന്ന് പ്രതികളുടെയും പക്കലുണ്ടായിരുന്നു. എംഎൽഎയുടെ ഹോട്ടലിലെ ജീവനക്കാരാണ് ഇവർ.
തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് ഇന്നലെ നടത്തിയ പരിശോധനയിൽ ആറു ബാഗുകളിലായി നാലു കോടി രൂപയുമായി മൂന്നുപേരെ പിടികൂടിയിരുന്നു. ബിജെപി പ്രവർത്തകൻ എസ് സതീഷ് (33), സഹോദരൻ എസ് നവീൻ (31), ഡ്രൈവർ എസ് പെരുമാൾ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് പണം കൊണ്ടുപോയതെന്നാണ് സൂചന. കിൽപ്പോക്ക് ബ്ലൂ ഡയമണ്ട് ഹോട്ടലിലെ ജീവനക്കാരാണ് അറസ്റ്റിലായവർ.
മൂന്നംഗ സംഘം ബാഗുകളുമായി ട്രെയിനിൽ കയറിയതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. അറസ്റ്റിലായവരുമായി തനിക്ക് ബന്ധമില്ലെന്ന് എംഎൽഎ പ്രതികരിച്ചു. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
റോഡുമാർഗം പോയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിക്കുമെന്ന വിശ്വാസത്തിലാണ് പ്രതികൾ ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്. വെയിറ്റിംഗ് ലിസ്റ്റിലായതിനാൽ ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും എംഎൽഎയുടെ ലെറ്റർ പാഡ് വഴിയാണ് ഇക്യുവിന് അപേക്ഷിച്ചത്. ചെന്നൈ-തിരുനെൽവേലി നെല്ലായി എക്‌സ്പ്രസിൻ്റെ എസ് 7 കോച്ചിലാണ് ഇവർ യാത്ര ചെയ്തത്.