തിരുപ്പതി പ്രസാദ വിൽപന കുതിച്ചുയർന്നു; നാല് ദിവസം കൊണ്ട് 14 ലക്ഷം ലഡ്ഡു വിറ്റു

 
national

ഹൈദരാബാദ്: തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പിൻ്റെ അംശം കണ്ടെത്തിയെന്ന വിവാദം തുടരുന്നു. വിരോധാഭാസമെന്നു പറയട്ടെ, കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ക്ഷേത്രത്തിൽ നിന്ന് 14 ലക്ഷം ലഡ്ഡു വിറ്റു എന്നാണ് റിപ്പോർട്ട്. പ്രതിദിനം 60,000ത്തോളം പേർ ക്ഷേത്രത്തിൽ നിന്ന് ലഡ്ഡു വാങ്ങുന്നുണ്ടെന്നാണ് അധികൃതരുടെ കണക്ക്.

തിരുപ്പതിയിൽ പ്രതിദിനം 3.50 ലക്ഷം ലഡ്ഡു വിറ്റഴിക്കപ്പെടുന്നു. വിവാദങ്ങൾക്കുപോലും ലഡ്ഡു വിൽപന കുറയ്ക്കാനായില്ല. സെപ്റ്റംബർ 19ന് 3.59 ലക്ഷവും 20ന് 3.17 ലക്ഷവും 21ന് 3.67 ലക്ഷവും 22ന് 3.60 ലക്ഷവും ലഡു വിറ്റു. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകാനായി തീർഥാടകർ വലിയ അളവിൽ പ്രസാദം വാങ്ങിയിട്ടുണ്ടാകാമെന്ന് അധികൃതർ പറഞ്ഞു.

അതിനിടെ, ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ചത് അശുദ്ധമായ നെയ്യാണെന്ന ആരോപണം നിഷേധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്രാ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് ആദ്യം ആരോപിച്ചത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്.

പിന്നീട് ഗുജറാത്തിലെ ലാബിൽ മൃഗക്കൊഴുപ്പിൻ്റെയും മത്സ്യ എണ്ണയുടെയും സാമ്പിളിൻ്റെ സാന്നിധ്യം കണ്ടെത്തി. സംഭവത്തിൽ ആന്ധ്ര സർക്കാർ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചു. വിവാദങ്ങൾ രാഷ്ട്രീയ വഴിത്തിരിവിലേക്ക് നീങ്ങുന്നതിനിടെ നായിഡുവിൻ്റെ ആരോപണം വൈഎസ്ആർസിപി തള്ളി.

പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രം ശുചീകരിച്ചിരുന്നു. നാലുമണിക്കൂറോളം ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തി. ലഡ്ഡു പ്രസാദത്തിൻ്റെ ദോഷം നീക്കി പവിത്രത വീണ്ടെടുക്കാനാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.