രാഹുൽ ഗാന്ധിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി, പരാതിക്കാരന് ഒരു ലക്ഷം രൂപ പിഴ

 
Rahul

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനായ അശോക് പാണ്ഡെയ്ക്ക് ഒരു ലക്ഷം രൂപ പിഴയും സുപ്രീം കോടതി വിധിച്ചു.

കോടതിയുടെ സമയം പാഴാക്കിയതിനാണ് കോടതി പിഴ വിധിച്ചത്. ഇത്തരം നിസ്സാര ഹർജികളുമായി വരരുതെന്നും സുപ്രീം കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രാഹുൽ ഗാന്ധി വീണ്ടും എംപിയായി ചുമതലയേറ്റത്.

ക്രിമിനൽ മാനനഷ്ടക്കേസിൽ പരമാവധി ശിക്ഷ ലഭിച്ചതിനെ തുടർന്ന് മാർച്ച് 24ന് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോൺഗ്രസ് നേതാവിനെ എംപിയായി തിരിച്ചെടുത്തത്.