വിനോദയാത്രയ്‌ക്കെത്തിയ സ്‌കൂൾ വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു; ആറ് അധ്യാപകരെ അറസ്റ്റ് ചെയ്തു

 
Beng
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ താലൂക്കിലെ മുരുഡേശ്വറിൽ വിനോദയാത്രയ്‌ക്കെത്തിയ കോലാറിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ നാലു വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രാവന്തി ഗോപാലപ്പ ദീക്ഷ ജെ ലാവണ്യയും ലിപികയുമാണ് മരിച്ചത്.
 നാല് പേരുടെയും കുടുംബങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് 46 വിദ്യാർത്ഥികളുടെ സംഘം അദ്ധ്യാപകർക്കൊപ്പം മുരുഡേശ്വറിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് കടൽത്തീരത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് പെൺകുട്ടികൾ കൂറ്റൻ തിരമാലകളിൽ അകപ്പെട്ടു. ഇവരിൽ ഒരാളുടെ മൃതദേഹം അന്ന് വൈകുന്നേരവും മറ്റ് മൂന്ന് പേരുടെ മൃതദേഹം ബുധനാഴ്ച രാവിലെയുമാണ് കണ്ടെത്തിയത്. മറ്റു മൂന്നുപേരെ ലൈഫ് ഗാർഡുകളായ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി കരയിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്ന ആറ് അധ്യാപകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തര കന്നഡ എസ്പി എം നാരായണ പറഞ്ഞു. അപകടകരമായ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നതിന് മുമ്പ് അധ്യാപകർ വിദ്യാർത്ഥികൾക്ക് സുരക്ഷാ അവബോധം നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശിച്ചു