ഭാരതിയാർ യൂണിവേഴ്‌സിറ്റി കാമ്പസിൽ ആനയുടെ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

 
Chennai

ചെന്നൈ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ കാമ്പസിൽ സുരക്ഷാ ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോയമ്പത്തൂർ സ്വദേശിയായ ഷൺമുഖനാണ് വനാതിർത്തിക്ക് സമീപം കാമ്പസിലേക്ക് കടന്ന ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷൺമുഖനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സുരേഷ് കുമാറിന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

ആക്രമണത്തെത്തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ ക്യാമ്പസിനു പുറത്താക്കി. എന്നാൽ അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തിയ ആന ഇപ്പോൾ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. കോയമ്പത്തൂർ ഫോറസ്റ്റ് ജീവനക്കാർ ക്യാമ്പസിൽ ജാഗ്രതയിലാണ്.

കഴിഞ്ഞ ഏപ്രിലിൽ പത്തനംതിട്ടയിൽ ഒരു കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പത്തനംതിട്ട തുലാപ്പള്ളിയിൽ കൃഷി നശിപ്പിച്ച കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ വട്ടപ്പാറ സ്വദേശിയായ കർഷകൻ ബിജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

അർദ്ധരാത്രി ഒന്നരയോടെയാണ് ബിജു കൊല്ലപ്പെട്ടത്. അയല് വീട്ടിലെ തെങ്ങ് ആന ഇടിക്കുന്ന ശബ്ദം കേട്ടാണ് ഇയാളും ഭാര്യയും പുറത്തേക്ക് വന്നത്. ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ തിരിഞ്ഞ ആന ബിജുവിനെ തുമ്പിക്കൈയിൽ പിടിച്ച് നിലത്തിട്ടു. 

ബിജുവിൻ്റെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. ആദ്യം മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ലെങ്കിലും ജില്ലാ കളക്ടർ എത്തി ചർച്ച നടത്തിയതിനെ തുടർന്ന് വഴങ്ങി.