തെലങ്കാനയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; നേതാവ് പപ്പണ്ണ മരിച്ചവരിൽ ഉൾപ്പെടുന്നു

 
Mavoist

ഹൈദരാബാദ്: തെലങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുലുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രധാന മാവോയിസ്റ്റ് നേതാവ് ബദ്രു എന്ന പപ്പണ്ണയും മരിച്ചവരിൽ ഉൾപ്പെടുന്നു. എഗോളാപ്പു മല്ലയ്യ (43), മുസക്കി ദേവൽ (22), മുസക്കി ജമുന (23), ജയ്‌സിങ് (25), കിഷോർ (22), കാമേഷ് 23 എന്നിങ്ങനെയാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്.

എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലെന്ന് മുളഗു എസ്പി ശബരീഷ് പറഞ്ഞു. പ്രദേശത്ത് നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ഭണ്ഡർപദറിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇവരിൽ നിന്ന് എകെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ സൈന്യം കണ്ടെടുത്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. കഴിഞ്ഞയാഴ്ച പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.