നടി ഹേമ ഉൾപ്പെടെ പലരും മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പോലീസ്; പരിശോധനാ ഫലങ്ങൾ പുറത്ത്

 
Party

ബെംഗളൂരു: ബെംഗളൂരുവിലെ ഫാംഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നു. പ്രശസ്ത തെലുങ്ക് നടി ഹേമ ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

73 പുരുഷന്മാരും 30 സ്ത്രീകളും റേവ് പാർട്ടിയിൽ പങ്കെടുത്തതായി എഫ്ഐആറിൽ പറയുന്നു. 59 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് പോസിറ്റീവായി. സെൻട്രൽ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. മയക്കുമരുന്ന് പരിശോധനയിൽ രക്തസാമ്പിളുകൾ പോസിറ്റീവ് ആയവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും.

റേവ് പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മെയ് 20ന് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ നടത്തിയ റേവ് പാർട്ടിയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 17 എംഡിഎംഎ ഗുളികകളും കൊക്കെയ്‌നും മറ്റ് മയക്കുമരുന്നുകളും പിടിച്ചെടുത്തിരുന്നു.

പിറന്നാൾ ആഘോഷത്തിൻ്റെ പേരിലാണ് റേവ് പാർട്ടി നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും ബംഗളുരുവിൽ നിന്നുമുള്ള സ്ത്രീകളടക്കം നിരവധി പ്രമുഖർ പാർട്ടിയിൽ പങ്കെടുത്തു. ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺകോർഡിൻ്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദിൽ നിന്നുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.