ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ശരദ് പവാർ ഡിസ്ചാർജ് ചെയ്തു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
എൻസിപി (എസ്പി) അധ്യക്ഷനും മുതിർന്ന രാഷ്ട്രീയ നേതാവുമായ ശരദ് പവാറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ശനിയാഴ്ചയാണ് 85കാരനായ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അയച്ചത്. ബ്രോങ്കൈറ്റിസ് ബാധയും നെഞ്ചിലെ അണുബാധയും ചികിത്സിച്ചതിന് പിന്നാലെയാണ് ഡിസ്ചാർജ്.
ചികിത്സയോട് ശരദ് പവാർ മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില സ്ഥിരമാണെന്നും ചികിത്സിച്ച ഡോക്ടർ പ്രിതം സാംദാനി അറിയിച്ചു. അണുബാധയിൽ പുരോഗതിയുണ്ടെന്നും തുടർചികിത്സ വീട്ടിൽവെച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായം പരിഗണിച്ച് മരുന്നുകൾക്കൊപ്പം ചില പ്രത്യേക മുൻകരുതലുകളും നിർദേശിച്ചിട്ടുണ്ട്.
നവംബർ രണ്ടിനാണ് ശരദ് പവാറിനെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. നവംബർ നാലിന് അവിടെനിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും തുടർചികിത്സയ്ക്കായി അന്നുതന്നെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം ഇവിടെ നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉൾപ്പെടെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിലൂടെ സംസാരിച്ച് ആരോഗ്യവിവരങ്ങൾ തേടുകയും വിശ്രമം നിർദേശിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഡോക്ടർമാർ ഡിസ്ചാർജ് അനുവദിച്ചത്.