വാട്‌സ്ആപ്പിൽ ചോദ്യപേപ്പർ പങ്കുവെക്കുന്നത് സ്വകാര്യതാ ലംഘനമല്ല; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: പരീക്ഷാ ചോദ്യപേപ്പർ വാട്‌സ്ആപ്പ് വഴി പങ്കുവെക്കുന്നത് വിവരസാങ്കേതിക നിയമപ്രകാരം സ്വകാര്യതാ ലംഘനമായി കണക്കാക്കാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക പരാമർശം.
2015-ലെ താലൂക്ക് പഞ്ചായത്ത് സെക്രട്ടറി നിയമന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ചോദ്യപേപ്പർ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സ്ഥാപനത്തിന്റെ ഉടമ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഏതാനും വ്യക്തികളെ മാത്രം ബാധിക്കുന്ന സ്വകാര്യ വിഷയമല്ലെന്നും, ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവിയെയും പൊതുസമൂഹത്തിന്റെ വിശ്വാസത്തെയും ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരം കേസുകളെ സ്വകാര്യതാ ലംഘനത്തിന്റെ പരിധിയിൽ മാത്രം കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ചോദ്യപേപ്പറുകളുടെ രഹസ്യത ഉറപ്പാക്കാനുള്ള കരാർപരവും നിയമപരവുമായ ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടെന്നും അത് പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊതു പരീക്ഷകളിലെ ക്രമക്കേടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന നിയമനടപടികൾ സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച പോലുള്ള കുറ്റകൃത്യങ്ങൾ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും പരിശ്രമത്തെയും വിശ്വാസത്തെയും തകർക്കുന്നതാണെന്നും വിധിയിൽ വ്യക്തമാക്കുന്നു.