പുരിയിൽ ഞെട്ടിക്കുന്ന സംഭവം: അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ വയോധികയുടെ മൃതദേഹം; മകനെ കാണാനില്ല
ഒഡീഷയിലെ പുരിയിൽ വാടകവീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുംഭാർപദ മേഖലയിലാണ് സംഭവം. അടച്ചിട്ട മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ അടുക്കളയിലെ കോൺക്രീറ്റ് സ്ലാബിന് താഴെ പുതുതായി നിർമിച്ച ഉയർന്ന ഭാഗം കണ്ടെത്തി. ഇത് പരിശോധിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് സംഘത്തിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഏകദേശം രണ്ട് മാസമായി അമ്മയും മകനും ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മകനെ കാണാനില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് അറിയിച്ചു.
മകനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാൽ മരണകാരണമോ സംഭവത്തിന് പിന്നിലെ ഉദ്ദേശ്യമോ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.