പ്രതിപക്ഷ പാർട്ടികളിലെ സിറ്റിംഗ് എംപിമാരും എംഎൽഎമാരും ഈ മാസം ബിജെപിയിൽ ചേരും; നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി ∙ കോൺഗ്രസ് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ആം ആദ്മി പാർട്ടി (എഎപി) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ സിറ്റിങ് എംപിമാരും എംഎൽഎമാരും ഈ മാസം 20 മുതൽ ബിജെപിയിൽ ചേരുമെന്ന് മുതിർന്ന ബിജെപി നേതാക്കൾ അറിയിച്ചു. ഫെബ്രുവരി 29 വരെ പാർട്ടി നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയികളും ഈ ഗ്രൂപ്പിൽ ഉണ്ടാകുമെന്നും അവർ അറിയിച്ചു.
കോൺഗ്രസ് നേതാവ് കമൽനാഥും മകൻ നകുലും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വിവരം പുറത്തുവന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കമൽനാഥ് വ്യക്തമായ മറുപടി നൽകിയില്ല. "അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ അറിയിക്കും" എന്ന് പറഞ്ഞു.
കേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായും ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബിഎസ്പിയുടെ ലാൽഗഞ്ച് എംപി സംഗീത ആസാദും അംബേദ്കർ നഗർ എംപി റിതേഷ് പാണ്ഡെയും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ബിഎസ്പിയുടെ സ്ഥാപക അംഗങ്ങളുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ് ആസാദ്.