മഴക്കെടുതിയിൽ കുടുങ്ങിയവർക്ക് രക്ഷകനായി 'സ്പൈഡർമാൻ'; വൈറലായി ഭിവണ്ടിയിലെ യുവാവിന്റെ സേവനം

 
National

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ, സ്പൈഡർമാൻ വേഷമണിഞ്ഞ യുവാവ് വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ഷദാബ് മൊമിൻ എന്ന പ്രാദേശിക യുവാവാണ് സ്പൈഡർമാൻ വേഷത്തിലെത്തി വെള്ളക്കെട്ടുള്ള റോഡുകളിൽ ഗതാഗതം നിയന്ത്രിക്കുകയും, കുഴികളിൽ കുടുങ്ങിയ വാഹനങ്ങൾ തള്ളിനീക്കുകയും, കുട്ടികളെയും കാൽനടയാത്രക്കാരെയും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയും ചെയ്തത്. മഴവെള്ളം ഒഴുകിപ്പോകാൻ ഡ്രെയിനുകളിലെ മാലിന്യങ്ങളും അദ്ദേഹം നീക്കം ചെയ്തു. 

"സിനിമയിലെ സ്പൈഡർമാൻ ആളുകളെ രക്ഷിക്കുന്നതുപോലെ യഥാർഥ ജീവിതത്തിലും സഹായിക്കാനാണ് ഞാൻ ഈ വേഷം ധരിച്ചത്. എല്ലാ വർഷവും ഇതേ റോഡുകൾ വെള്ളത്തിനടിയാകുന്നു. അധികൃതർ നടപടി സ്വീകരിക്കണം," എന്നാണ് ഷദാബ് മൊമിൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.