‘എസ്എസ്പി കണ്ണിൽ ചവിട്ടി’; മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ മൂന്നാംമുറ ആരോപണവുമായി മീററ്റ് സ്വദേശി
ഉത്തർപ്രദേശിലെ മീററ്റിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ പീഡന ആരോപണവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് ദിഗ്‌വിജയ് ഭട്ടി. പൊലീസ് ഓഫീസിൽ കസ്റ്റഡിയിലിരിക്കെ തന്നെ മർദിച്ചെന്നും എസ്എസ്പി അവിനാശ് പാണ്ഡെ കണ്ണിൽ ചവിട്ടിയെന്നും ഭട്ടി ആരോപിച്ചു.
സംഭവത്തിന് പിന്നാലെ ഭട്ടിയുടെ പരിക്കുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീർത്ത കണ്ണും ശരീരത്തിലെ പരിക്കുകളും ദൃശ്യങ്ങളിൽ കാണുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ തങ്ങളെ തെറ്റായി പ്രതിചേർത്തതായും അദ്ദേഹം ആരോപിച്ചു.
എന്നാൽ പൊലീസ് ആരോപണങ്ങൾ നിഷേധിച്ചു. സംഭവത്തിൽ വിവാദം ശക്തമായതോടെ മീററ്റ് എസ്എസ്പി അവിനാശ് പാണ്ഡെയെ ലഖ്നൗവിലെ സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധനയും നടപടികളും തുടരുകയാണ്. ആരോപണങ്ങൾ ഇതുവരെ അന്തിമമായി തെളിയിക്കപ്പെട്ടിട്ടില്ല.