കൊളത്തൂരിലെ തോൽവിക്ക് പിന്നാലെ സ്റ്റാലിന് കോടതിയിലും തിരിച്ചടി
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൊളത്തൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോടതിയിലും തിരിച്ചടി. തമിഴക വെട്രി കഴകം (TVK) സ്ഥാനാർഥി വി.എസ്. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നും 100 ശതമാനം വി.വി.പി.എ.ടി. സ്ലിപ്പുകൾ എണ്ണണമെന്നും ആവശ്യപ്പെട്ട് സ്റ്റാലിൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനുള്ള സ്റ്റാലിന്റെ റിറ്റ് ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂരിൽ ടി.വി.കെ സ്ഥാനാർഥി വി.എസ്. ബാബു 82,997 വോട്ടുകൾ നേടിയപ്പോൾ സ്റ്റാലിന് 74,202 വോട്ടുകളാണ് ലഭിച്ചത്. 8,795 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബാബുവിന്റെ വിജയം. 2011ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും സ്റ്റാലിൻ ഇവിടെ വിജയിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇ.വി.എം പരിശോധനയ്ക്കിടെ ചില സാങ്കേതികവും നടപടിക്രമപരവുമായ പ്രശ്നങ്ങൾ ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിൻ കോടതിയെ സമീപിച്ചത്. കൊളത്തൂർ മണ്ഡലത്തിലെ ഇ.വി.എം, വി.വി.പി.എ.ടി സംവിധാനങ്ങൾ പൂർണമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് റിറ്റ് ഹർജിയല്ല, തെരഞ്ഞെടുപ്പ് ഹർജിയാണ് ഉചിതമായ നിയമനടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. ഈ നിലപാട് അംഗീകരിച്ചാണ് മദ്രാസ് ഹൈക്കോടതി സ്റ്റാലിന്റെ ഹർജി തള്ളിയത്. ഇതോടെ കൊളത്തൂരിലെ ടി.വി.കെ സ്ഥാനാർഥി വി.എസ്. ബാബുവിന്റെ വിജയത്തിനെതിരായ സ്റ്റാലിന്റെ നിലവിലെ നിയമനടപടിക്ക് തിരിച്ചടിയായി.